peace

little drops of water
little grains of sand
make the mighty ocean
and the pleasant land

little deeds of kindness
little words of love
make our earth an Edan
like the heaven above

Monday, March 19, 2012

കുഞ്ഞോം: വയനാടിന്റെ സൌന്തര്യം
17/02/2012, ചരിത്രത്തിന്റെ ഭാഗമായി മാറിയൊരു ശനിയാഴ്ച. വയനാടിന്റെ സൌന്ദര്യ റാണിയായ കുഞ്ഞോമിലെ ആദ്യ പ്രഭാതം. തണുത്ത ഗ്രാമത്തിലൂടെ കുളിക്കാന്‍ കുളക്കരയിലേക്ക് പോകവേ സൌന്ദര്യതാളത്തിന്റെ അകമ്പടിയായി അവളുടെ കൊലുസിന്റെ കിലുക്കം ചെവിയില്‍ തുളച്ചു കയറി. കുഞ്ഞോമിന്റെ പ്രകൃതി എന്നെ വശീകരിക്കുന്ന ശബ്ദമായിരുന്നു ആ സുന്ദര ഗീതം. അതോടെ കുളി പിന്നീടാക്കാമെന്ന് നിനച്ച് ഞാന്‍ അവളുടെ മടിയിലേക്ക് തല ചായ്ച്ചു. കുളവും മദ്രസയും വിട്ട് കടന്ന് റോട്ടിലൂടെ അവളുമായി ആനന്ദിച്ചങ്ങനെ.........
അച്ചടക്കത്തോടെ ഒഴുകുന്ന തോട് അവളുടെ മുലപ്പാലായിരുന്നു. ഞാനതില്‍ നിന്നും വേണ്ടുവോളം മോന്തിക്കുടിച്ചു, അനുസരണയുള്ള ഒന്നര വയസ്സുകാരനായ്.... പാലം കടന്നപ്പോള്‍ എന്നെ വരവേറ്റത് വെള്ളരിക്കയാല്‍ പുതപ്പിക്കപ്പെട്ട സുന്ദരമായൊരു വയല്‍. തൊട്ടപ്പുറത്തു തന്നെ അവന്റെ കാമുകി  കൈപ്പക്ക കൊണ്ട് നാണം മറച്ച് എന്നെ ഒളി കണ്ണിട്ട് നോക്കുന്നു. വയലുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഞാനൊരു നിമിഷം എന്റെ ഗ്രാമത്തിലെ വയലില്‍ ഞാന്‍ ആടു മേക്കുന്ന രൂപം ഓര്‍ത്തു പോയി....
തോടിനു മീതെയുള്ള കവുങ്ങിന്‍ പാത്തി കൊണ്ടുള്ള പാലത്തിലൂടെ നടക്കുമ്പോള്‍ അന്ന് ആട്  മേക്കാന്‍ പോയ ഞാന്‍ എന്റെ ഗ്രാമത്തിലെ തോട് മുറിച്ച് കടക്കുമ്പോള്‍ കവുങ്ങിന്‍ പാലത്തില്‍ നിന്നും വഴുതി വീണതും എന്റെ കൈ പിടിച്ച് രക്ഷപ്പെടുത്തി ഉമ്മ എന്നെ മാറത്തണച്ചതും ഞാനൊരു നിമിഷം ഓര്‍ത്തു പോയി. സമയം അതിക്രമിച്ചിരുന്നെന്നറിഞ്ഞ് മലകയറ്റം പിന്നീടാക്കാമെന്ന് കരുതി ക്യാമ്പിലേക്ക തിരിച്ചു, ഒരു പാട് പ്രതീക്ഷകളുമായി....
വൈകുന്നേരം ഉത്സവ പ്രതീതിയായിരുന്നു. ഗ്രൂപ്പ് ഡൈനാമിക്സ് വരുത്തിവെച്ച ക്ഷീണം അവളുടെ സൌന്ദര്യത്തില്‍ അലിഞ്ഞില്ലാതെയായി. കാരണം അവളെന്റെ ആദ്യത്തെ കാമുകിയായിരുന്നു. ഞാന്‍ സ്വപ്നം കണ്ട ലൈലയായിരുന്നു. ഖൈസിനെപ്പോലെ അവളെനിക്ക് ഭ്രാന്തായി മാറി. കാരണം എന്റെ എല്ലാ ഇച്ഛകളും അവള്‍ ഓരോന്നായി നിറവേറ്റിത്തന്നു. അവളില്‍ നിന്നും ഞാനീ സായാഹ്നത്തില്‍ വേണ്ടുവോളം നുകര്‍ന്നു.
പച്ച എനിക്കെന്നും ഒരു ഹരമായിരുന്നു. കാമുകി എന്റെ മനസ്സ് വായിച്ചിരിക്കാം. അത് കൊണ്ടാവാം അവള്‍ നല്‍കിയ ചുംബനവും പച്ചിച്ചതായിരുന്നു. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കടന്ന് ആദ്യമായി മല കീഴടക്കിയപ്പോള്‍ എനിക്കോര്‍മ്മ വന്നത് എവറസ്റ് കീഴടക്കിയ എഡ്വേര്‍ഢ് ഹിലാരിയെയും ടെന്‍സിംഗ് നോര്‍ഗെയെയുമായിരുന്നു. ഓരോ തേയിലയും കാപ്പിക്കുരുവും എന്നെ സ്നേഹത്തോടെ നോക്കി. അവരുടെ അമ്മയുടെ പുതിയ കാമുകനാണ് ഞാനെന്ന് അവര്‍ക്ക് മനസ്സിലായിക്കാണും.
മല മുകളില്‍ അവളുടെ മേനിയില്‍ കിടന്ന് സുഖിക്കുമ്പോള്‍ ഒന്ന് പാട്ടു പാടി നൃത്തം വെക്കാനവള്‍ നിര്‍ബന്ധിച്ചു. എനിക്കവളുടെ ആജ്ഞ അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാനവളെ അത്രക്ക് സ്നേഹിച്ചിരുന്നു. 'സോനാ കിത്നാ സോനാഹേ....' എന്നു തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ ഈരടിയില്‍ ഞാനവള്‍ക്കായി മതി മറന്ന് ചുവട് വെച്ചു. പിരിയാന്‍ കഴിയാത്ത വിധം അവളെന്നെ അവളുടെ മാറിലേക്കണച്ചു പിടിച്ചു, ഒരിക്കലും വിടാതെ. അവളുടെ ചുണ്ടുകള്‍ ചലിക്കുന്നുണ്ടായിരുന്നു.
“നിലാവേ മായുമോ കിനാവിന്‍ നോവുമായ്
ഇളം തേന്‍ തെന്നലായ് തുളുമ്പും പാട്ടുമായ്”                                                                       ഇന്നും അവളെന്നോടൊപ്പമുണ്ട്, എന്റെ ഓരോ ചലനങ്ങളിലും, നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്ന്.......
സൂര്യന്‍ വനാന്തരങ്ങളില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വളരെ ദു:ഖിതനായി മലയിറങ്ങുമ്പോള്‍ ഒരിളം തെന്നല്‍ എന്നെ തഴുകി. “കുശ്ളഗ്നസ്റശ്ശശ്ളഗ്ന ല്ലകുസ്സശ്ളബ്ധശ്ള”(മലകളെ നാം നിങ്ങള്‍ക്ക് ആണികളാക്കിത്തന്നു) എന്ന ദൈവിക വചനം ആ കാറ്റില്‍ ഉള്‍ക്കൊണ്ടിരുന്നു. ഞാനവിടെ അറിയാതെ മലര്‍ന്ന് കിടന്നു. ആകാശത്തിന്റെ തെളിമയാര്‍ന്ന നീലപ്പന്തലില്‍ കണ്ണും നട്ട് അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അയവിറക്കിക്കൊണ്ട്, ഞാനങ്ങനെ........

No comments:

Post a Comment